Tuesday, October 2, 2007

PRAVASI

സുഹൃത്തുക്കളെ...ആസന്നമായ ഒരു മടക്കയാത്രയുടെ വിമ്മിട്ടത്തിലും ബേജാറിലുമാണ് ഗള്‍ഫുകാരന്റെ മനസിപ്പോള്‍. തിമര്‍ത്ത് പെയ്യുന്നൊരു പെരുമഴക്കാലത്തില്‍ ഉള്ളും മനവ്വും തണുപ്പിക്കാന്‍ കഴിയാതെ, കാത്തിരിപ്പിന്റെ സഹാറയില്‍ അവനെത്ര ദൂരം താണ്ടാനാവും?ഒരായുസ്സിന്റെ നീളം മുഴുവനും പ്രവാസകാലത്തില്‍ ഉണ്ടുറങ്ങിയിട്ടും, ഒരു കൂരയോ, മെച്ചപ്പെട്ട ഒരു ജീവിതമോ കെട്ടിപ്പടുക്കാന്‍ കഴിയാത്ത ഹതഭാഗ്യരാണ് കണക്കെടുപ്പ് കഴിഞ്ഞാലേറെയും...എന്നെങ്കിലും കണ്ടെത്തുമെന്ന് വൃഥാ മോഹിക്കുന്ന ഒരു മരുപ്പച്ചയുടെ തണലും, തെളിനീരുമന്വേഷിച്ച്, മരുക്കാറ്റടിക്കുന്ന ജീവിതത്തിലൂടെ കടന്നു പോകുമ്പോള്‍, ഗള്‍ഫുകാരനോര്‍ക്കാന്‍, ഓമനിക്കാന്‍ ഗൃഹാതുരത്വത്തിന്റെ മൃദുസ്പര്‍ശമില്ല.കുടുംബത്തിന്റെ മണ്‍ചെരാതായി മാറുവാനുള്ള പരക്കം പാച്ചിലിന്നിടയില്‍ സ്നിഗ്ധ വികാരങ്ങള്‍ക്കും, പൂവിട്ടു തളിര്‍ക്കുന്ന ഓര്‍മക്കീറുകള്‍ക്കുമെന്ത് പ്രസക്തി?അവസ്ഥകള്‍, മുമ്പത്തെപ്പോലെ ആയാസകരമല്ല. തൊഴില്‍ സാധ്യതകളും, സ്പോണ്‍സറുടെ കീഴിലല്ലാതെ എവിടെയും തൊഴിലെടുക്കാമെന്ന അവസ്ഥയും മാറിക്കഴിഞ്ഞു. വര്‍ഷം തോറും യൂണിവേഴ്സിറ്റികളില്‍ നിന്നുമിറങ്ങുന്ന സ്വദേശീ യൂവതീ-യുവാക്കള്‍ക്ക് ജോലി നല്‍കേണ്ട കടമയും ബാധ്യതയും അതാത് ഗവണ്മെന്റുകള്‍ക്കുണ്ട്. തൊഴിലവസരങ്ങള്‍ കുറഞ്ഞുവരുന്നത് അനാരോഗ്യകരമായ മത്സരങ്ങള്‍ക്ക് ആക്കം കൂട്ടുകയും ചെയ്യുന്നു.ഘട്ടം ഘട്ടമായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന സ്വദേശീവത്കരണം, പിടിചുനില്‍ക്കാനുള്ള അവസാന കച്ചിത്തുരുമ്പും, പ്രവാസികള്‍ക്ക് നഷ്ടമാക്കുന്നു. ആയിരക്കണക്കിനു കുടുംബങ്ങള്‍ക്ക് അടുപ്പെരിയാനുള്ള എണ്ണയാകുന്ന, അറേബ്യന്‍ മണ്ണിന്റെ കനിവും, ദയയും നിലച്ചുപോയാല്‍ ഉണ്ടാകുന്ന സാമൂഹിക പ്രത്യാകാതങ്ങള്‍ ഏറെയാണ്. ഗള്‍ഫ് മണ്ണിലെ കുടിയൊഴിപ്പിക്കല്‍, പ്രവാസീകുടുംബങ്ങളില്‍ ആശങ്കകളുടെ കരിനിഴല്‍ വീഴ്ത്താന്‍ തുടങ്ങിയിട്ട് ഏറെയായി. ഗള്‍ഫ് എന്നത്, നമ്മുടെ നാടിന്റെയും, ഗവണ്മെന്റിന്റെയും ഒഴിച്ചുകൂടാനാവാത്ത സാമ്പത്തിക സ്സ്രോതസ്സാണ്.സുഹൃത്തുക്കളെ,അമ്പിളിമാഞ്ഞ ആകാശം, ഇരുട്ട് പുതച്ചുതുടങ്ങുകയാണ്... അറബിക്കടല്‍ കടന്ന് തിരിച്ചുപോവുന്ന ഓരോ ആകാശക്കപ്പലുകളിലും, കൈപ്പിടി നഷ്ടപ്പെട്ട് കണ്ണീരോടെ മടങ്ങുന്ന ഒരുപാട് പേരുണ്ട്. കുടുംബത്തെയോര്‍ത്ത് വ്യാകുലപ്പെടുന്ന അവരുടെ മനസ്സിന്റെ തിരതള്ളിച്ച, വിമാനത്തിന്നിരമ്പലില്‍ മുങ്ങിപ്പോയേക്കാം. എന്നാല്‍... വിസ ക്യാന്‍സല്‍ ചെയ്ത് തിരിച്ചുവരുന്ന ഭര്‍ത്താവിനെ, പിതാവിനെ, മകനെ, മകളെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തുന്ന സ്വന്തക്കാരുടെ മുഖത്തെ മ്ളാനത ആര്‍ക്കാണ്‍ മായ്ച്ചുകളയാനാവുക..? പെയ്യാന്‍ പാകത്തില്‍ മൂടിക്കെട്ടിക്കിടക്കുന്ന അവരുടെ മുഖങ്ങളിലെ മേഘക്കീറുകള്‍..., അശാന്തി നിറഞ്ഞൊരു ഭാവിയെയാണ്‌ സൂചിപ്പിക്കുന്നത്.ഗള്‍ഫിന്റെ പോരിശയെക്കുറിച്ച് അത്തറുമണക്കുന്ന പാട്ടുകള്‍ അലയടിപ്പിക്കുന്ന കാലം കഴിഞ്ഞുപോയിരിക്കുന്നു. ഗള്‍ഫ് ഭാര്യയുടെ വിരഹത്തിന്‍ വിതുമ്പലും തോതുമളക്കുന്ന കത്തുപാട്ടുകളുടെ തരംഗവും ഓര്‍മകളിലേക്ക് മാഞ്ഞുപോയിരിക്കുന്നു. ഗള്‍ഫ് ഭര്‍ത്താക്കന്‍മാര്‍ക്ക് കച്ചവടമൂല്യമുണ്ടായിരുന്ന നാളുകളും ഇനി ഓര്‍മയില്‍ മാത്രം. യഥാര്‍ഥ്യത്തിന്റെ പുതിയ കാലത്തില്‍ പ്രവാസിയും, പ്രവാസവും ഒരു കഥകളും വിരചിക്കുന്നില്ല. കത്തിത്തീരുന്ന മെഴുകുതിരികളായി, കുടുംബത്തിനുവേണ്ടി ജീവിക്കാന്‍ വിധിക്കപ്പെട്ടവനായി ത്യാഗത്തിന്റെ മൂര്‍ത്തീഭാവമായി ചിത്രീകരിച്ചിരുന്ന, പഴയ പരിവേഷവും ഗള്‍ഫുകാരനിന്നില്ല.ഗള്‍ഫുകാരന്റെ ത്യാഗം, നിയതമായ ഒരു നിയോഗമായി മാറുകയാണ്. ആര്‍ക്കും, ആരോടും പ്രതിബദ്ധതയില്ലാത്ത പുതിയകാലത്തില്‍, പാര്‍ശ്വവത്കരിക്കപ്പെടുന്ന പ്രവാസികള്‍ ഒരു വെറും ചോദ്യം പോലും ഉണര്‍ത്തുന്നുമില്ല. ദിനരാത്രങ്ങളിലൂടെ കടന്നു പോകുന്ന വെറുമൊരു ചാക്രിക ചലനം മാത്രമായൊതുങ്ങുന്ന പ്രവാസിയുടെ ജീവിതവും, എവിടെയും വിഷയീഭവിക്കപ്പെടുന്നില്ല.ജി സി സി രാഷ്ട്രങ്ങളൊക്കെയും തന്നെ ധ്രുത ഗതിയിലുള്ള സ്വദേശീവല്കരണത്തിന്റെ പാതയിലാണ്. വിവിധ തൊഴില്‍ മേഖലകള്‍ പരീക്ഷണാര്‍ഥം ഇപ്പോള്‍ തന്നെ ദേശസാല്‍ക്കരിക്കപെട്ടും കഴിഞ്ഞു. ഇത്തരം മേഖലകളില്‍ നിന്നും കൂട്ടത്തോടെ കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ വഴിയാധാരമാവുകയും ചെയ്യുന്നു. ഇന്നല്ലെങ്കില്‍ നാളെ ഓരോ വിദേശിയുടെയും നിലനില്പ് അവതാളത്തിലാവുമെന്ന ബോധ്യം ഓരോരുത്തര്‍ക്കുമുണ്ട്.ഉള്ളിലെ ഈ ഭയാശങ്കകള്‍ ഉണര്‍ത്തുന്ന കറുത്തപാടയോട് കൂടിയാണ്‌ പ്രവാസികളുടെ ഓരോ ദിനരാത്രങ്ങളും കടന്നു പോവുന്നതും.35 (മുപ്പത്തിയന്‍ച്) ലക്ഷത്തോളം ജനങ്ങളില്‍ 26 (ഇരുപത്തിയാറ്‌) ലക്ഷത്തോളം പ്രവാസികളെ ദയാവായ്പ്പോടെ സ്വീകരിച്ച ഈ യു. എ. ഇ. യിലെ വിവിധ ഭാഗങ്ങളിലെ മലയാളീ പ്രവാസികളുടെ ജീവിതം നോക്കിക്കാണുകയാണ്, ഞാന്‍ ... പ്രവാസികളും പ്രവാസവും ഏത് മേഖലയിലും ഒരേചിന്തയും പ്രശ്നങ്ങളുമാണുണര്‍ത്തുന്നത് എന്നതിനാല്‍ അറേബ്യന്‍ ഭൂഖണ്ഡത്തിലെ ഏതു രാജ്യത്തിലെ പ്രവാസികളുമായും ഇവരെ ബന്ധിപ്പിക്കാവുന്നതാണ്.ഗള്‍ഫ് രാജ്യങ്ങള്‍ ആധുനിക രാഷ്ട്ര നിര്‍മിതിയുടെ മകുടോദാഹരണങ്ങളാണ്. വികസന സ്വപ്നങ്ങളെ താലോലിക്കുകയും ദീര്‍ഘദൃഷ്ടിയോടെ ഉണര്‍ന്നുപ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഭരണകര്‍ത്താക്കള്‍. നാടിന്റെ വളര്‍ച്ചയോടൊപ്പം പൌരന്മാരുടെ അവകാശ സംരക്ഷണവും, അതീവ ജാഗ്രതയോടെ നോക്കിക്കാണുന്നതില്‍ ബദ്ധശ്രദ്ധരാണവര്‍. അതുകൊണ്ടാകാം, തൊഴില്‍ മേഖലയിലെ അസന്തുലിതാവസ്ഥ പരിഹരിക്കാനുള്ള സത്വര നടപടികള്‍ കൈക്കൊള്ളുന്നതും.മാറുന്ന ലോകത്തോടൊപ്പം സഞ്ചരിക്കുന്നവര്‍ക്ക് മാത്രമെ, അവസരങ്ങളുള്ളൂ. ഐ ടി യുഗത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്താനുള്ള മാത്സര്യം അതുകോണ്ടുതന്നെയാണ്.ഗള്‍ഫുകാരന്റെ മാനസിക പിരിമുറുക്കം, തൊഴില്‍ മേഖലകളിലെ അനിശ്ചിതത്വത്തിന്റെ പരിണിത ഫലമാണ്.നഷ്ടപ്പെട്ടവര്‍, നഷ്ടപ്പെടുത്തിയവര്‍, തുഴഞ്ഞ് തുഴഞ്ഞ് ശക്തി ക്ഷയിച്ചവര്‍, കരിവേപ്പിലപോലെ വലിച്ചെറിയപ്പെട്ടവര്‍, അപ്പൂപ്പന്‍ താടിപോലെ നിയത്രണമില്ലാതെ പറന്നു പൊങ്ങിയവര്‍....കണ്ടുമുട്ടിയവരില്‍, അങ്ങിനെ ഒരുപാട് മുഖങ്ങള്‍....അവരുടെ കണ്ണുകളില്‍ കിനിഞ്ഞ വികാരം പങ്കുവെക്കുമ്പോള്‍, പല ചോദ്യങ്ങളുടെയും വ്യര്‍ഥതയറിയുന്നു....വര്‍ഷങ്ങളായി, മരുഭൂമിയില്‍ പ്രവാസ ജീവിതം നയിച്ചുവരുന്ന ഒരാള്‍, കാലക്രമേണ ഒരൊട്ടകമായി പരിണമിക്കുന്ന ഒരു കാര്‍ട്ടൂണ്‍ ചിത്രം, ഈയിടെ കാണാനിടയായി. അതിലെ തമാശയുടെ അളവില്‍ രസിച്ചിരിക്കെ, മുമ്പിലെ കണ്ണാടിയില്‍ വെറുതെയൊന്ന് പാളിനോക്കി....വലിയ ചെവികളും, നീളന്‍ മുഖവുമായി ഞാനും ഒരൊട്ടകമായി മാറിക്കൊണ്ടിരിക്കുന്നു!!പ്രവാസിയായി കഴിഞ്ഞ വര്‍ഷങ്ങളുടെ, കണക്കെടുപ്പ് കഴിഞ്ഞ് അന്തിച്ചു നില്‍ക്കെ; കണ്ണാടി, ഒരു തമാശ കണ്ടിട്ടെന്നപോലെ ആര്‍ത്താര്‍ത്തു ചിരിക്കാന്‍ തുടങ്ങി...----------------------------തുടരാന്‍ സാധ്യത!